---
title: "ഡോ. കെ.ജി അടിയോടി മായാത്ത കാലടിപ്പാടുകള്‍"
english_title: "Dr. K. G. adiyodi's indelible footprints"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/321886/dr-k-g adiyodis-indelible-footprints"
published_at: "2025-10-22T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f88146ea9d1_adiyodi.JPG"
keywords: []
---

# ഡോ. കെ.ജി അടിയോടി മായാത്ത കാലടിപ്പാടുകള്‍

> **Lead Summary:** **ഡോക്ടര്‍ കെ.ജി. അടിയോടിയുടെ ഓര്‍മ്മ ദിനത്തില്‍ സംസ്‌ക്കാര സാഹിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി മുരളി എഴുതുന്ന അനുസ്മരണ കുറിപ്പ്.**

## Article Content

**ഡോക്ടര്‍ കെ.ജി. അടിയോടിയുടെ ഓര്‍മ്മ ദിനത്തില്‍ സംസ്‌ക്കാര സാഹിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി മുരളി എഴുതുന്ന അനുസ്മരണ കുറിപ്പ്.**

ഡോക്ടര്‍ കെ.ജി അടിയോടിയുടെ വിയോഗം കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷം പിന്നിടുകയാണ്. 1987 ഒക്ടോബര്‍ 22 ന് കോഴിക്കോട് നിന്നുള്ള പാര്‍ലമെന്റ് മെമ്പറായിരിക്കുമ്പോഴാണ് അദ്ദേഹത്തെ നമുക്ക് നഷ്ടമാകുന്നത്.

ആ ദിവസം കോരിച്ചൊരിയുന്ന മഴയത്തും കോഴിക്കോട് മുതലുള്ള വഴികളില്‍ പതിനായിരങ്ങള്‍ നല്‍കിയ ആദരവും, കൂത്താളിയിലെ കാനോത്ത് തറവാട്ടില്‍ സന്ധ്യക്ക് ശേഷം എത്തിയ ഭൗതികദേഹം കാണാന്‍ തടിച്ചു കൂടിയ ജന പ്രവാഹവും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

അദ്ദേഹത്തെ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന് കിട്ടിയ വിടവാങ്ങല്‍ ഇന്നും ഓര്‍മ്മയില്‍ തെളിയുന്നുമുണ്ട്. ആ നിമിഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഡോക്ടറുടെ വേര്‍പാടില്‍ ദുഃഖിച്ചു കൊണ്ട് ലീഡര്‍ കെ കരുണാകരന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ദേയമായിരുന്നു.

ഡോക്ടര്‍ അടിയോടി ജനമനസില്‍ ഇത്രമാത്രം സ്വീകാര്യനായിരുന്നെന്ന് ഈ തടിച്ചു കൂടിയ ജനസഞ്ചയമാണ് സാക്ഷ്യപെടു ത്തിയിരിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തെ രാഷ്ട്രിയ കേരളം പൂര്‍ണ്ണമായി മനസിലാക്കിയോ എന്നുള്ള സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

സ്ഥാന-മാനങ്ങള്‍ക്ക് പുറകെ ആവശ്യമായി ഒരിക്കലും പോയിരുന്നില്ലെന്ന തിരിച്ചറിവാണ് അദേഹത്തിന്റെ മഹത്വവും. എല്ലാം തേടിയെത്തുകയായിരുന്നുവെന്ന് വ്യക്തമാണ്.

എല്ലാവര്‍ക്കും അദ്ദേഹത്തെ പോലെ ആകാന്‍ പറ്റില്ല. കാരണം പൊതുരംഗത്ത് കല്ലും മുള്ളും നിറഞ്ഞ വഴികളും, സുഖലോലുപതയുടെയുമായി രണ്ട് വഴികളുമുണ്ട്. നേരിന്റെ ഭാഗത്ത് നിന്ന് നാടിനും ജനത്തിനും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വഴിതെറ്റി പോകാതെ, കളങ്കമില്ലാതെ, കാപട്യമില്ലാതെ നീങ്ങാന്‍ എല്ലാവര്‍ക്കും സാധിക്കുകയുമില്ല.

അതോടൊപ്പം തീര്‍ത്തും ശുദ്ധമായ കൈകളോടുകൂടി ജീവിതാവസാനം വരെ മുന്നോട്ടു പോകുന്നവര്‍ എണ്ണത്തില്‍ കുറവുമായിരിക്കും. ആ ഗണത്തില്‍ ഇന്നും ഡോക്ടര്‍ കെ.ജി അടിയോടി സൂര്യശോഭയില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ്.

കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവും മുന്‍ കേരള മന്ത്രിസഭയിലെ മന്ത്രിയും പിഎസ്‌സി ചെയര്‍മാന്‍, പാര്‍ലമെന്റ് അംഗം, നല്ലൊരു സഹകാരി, നല്ലൊരു കര്‍ഷകന്‍... തുടങ്ങി വിവിധ രംഗങ്ങളില്‍ പതിപ്പിച്ച മുദ്രകള്‍ മായാത്ത അടയാളപ്പെടുത്തലായി, കാലം മായ്ക്കാതെ സൂക്ഷിക്കുമ്പോള്‍ വീണ്ടും ഈ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തെ സ്മരിക്കുകയാണ്.

ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഈ ഘട്ടത്തില്‍ അദ്ദേഹത്തെ കൂടുതലായി അടുത്തറിയാന്‍ വേണ്ടി ഒരു ഓര്‍മ്മ പുസ്തകത്തിന്റെ പണിപ്പുരയിലായ ലേഖന കര്‍ത്താവിന്റെ പലവിധ അന്വേഷണങ്ങളില്‍ കണ്ടെത്തിയ, അറിഞ്ഞ കാര്യങ്ങള്‍ അത്ഭുതപെടുത്തുന്നവയും ആയിരുന്നുവെന്ന് ഇവിടെ സൂചിപ്പിക്കട്ടെ.

ഇങ്ങിനെയും ഒരു പൊതുപ്രവര്‍ത്തകന്‍, ജനകീയനായ ഒരു ഡോക്ടര്‍, രാഷ്ട്രിയ നേതാവ് ഈ നാട്ടില്‍ ജീവിച്ചിരുന്നുവെന്ന യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ നേര്‍ അനുഭവങ്ങളുടെ സാക്ഷ്യങ്ങള്‍ തന്നെ.

സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണതയില്‍ പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം തികച്ചും ആകസ്മികമായുള്ള മദ്രാസിലേക്കുള്ള യാത്രയും, തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഒരു കൈപ്പുണ്യം നേടിയ അലോപ്പതി പ്രാക്ടിഷണറായുള്ള മടക്കവും വഴിതിരിവായി കാണേണ്ട സംഭവഗതികളാണ്.

മഹാത്മജിയുടെ പ്രസംഗം മദിരാശിയില്‍ വെച്ച് കേട്ടതും സബര്‍മതി ആശ്രമത്തില്‍ സേവനം ചെയ്തതുമെല്ലാം ഡോക്ടറിലെ മാനുഷിക മനസ്സിനെ രൂപപ്പെടുത്തിയിരുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ച ഒരു വലിയ ജനവിഭാഗത്തിന്റെ ആശ്രയവുമായി അദ്ദേഹം മാറുകയായിരുന്നു.

പേരാമ്പ്ര ഉള്‍പ്പെടുന്ന മലയോര പ്രദേശങ്ങളിലെ ഒരു മുഴുവന്‍ സമയ ജനസേവകന്‍. പ്രസവചികിത്സയില്‍ ഒരു കാഘട്ടത്തിന്റെ എല്ലാമായിരുന്ന ഡോക്ടര്‍ അലോപ്പതിയെ ഒരു നാടിന് പരിചയപെടുത്തുക കൂടിയായിരുന്നു.

ആ യാത്രയാണ് പിന്നീട് 1971 ലെ തിരഞ്ഞെടുപ്പില്‍ പേരാമ്പ്രയുടെ ശബ്ദമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള അവസരം ഒരുക്കിയതും. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ നേതാവും നിലവില്‍ എംഎല്‍എ യുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തിയെ വലിയ ഭൂരിപക്ഷത്തിലാണ് ഡോക്ടര്‍ തോല്‍പ്പിച്ചത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു രാഷ്ട്രിയ തിരിച്ചു വരവിന് വേണ്ടി കളം രൂപപ്പെടുത്തിയ സമയത്ത് വിജയ സാധ്യതയുള്ളവരെ കണ്ടെത്താനുള്ള കെപിസിസി യുടെ ശ്രമത്തിനിടയില്‍ കെ കരുണാകരനും സഹപ്രവര്‍ത്തകരും നടത്തിയ നീക്കങ്ങളുടെ ഉത്തരമായിരുന്നു ഡോക്ടര്‍ കെ.ജി അടിയോടിയെന്ന ഭരണാധികാരി. ആ പരീക്ഷണം നൂറ് ശതമാനം ശരിയായിരുന്നുവെന്ന് കാലവും തെളിയിച്ചു. കിട്ടിയ പദവികള്‍ ആത്മാര്‍ഥമായി ഏറ്റെടുക്കുകയും കൃത്യ നിര്‍വ്വഹണം നടത്തുകയും ചെയ്തു.

എംഎല്‍എ ആയി തിരഞ്ഞെടുത്തപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായി സിപിഐ നേതാവ് സി അച്യുതമേനോന്‍ നയിച്ച മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. അടിയന്തിരാവസ്ഥയില്‍ രണ്ട് വര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണപരമായ ഏഴുവര്‍ഷങ്ങള്‍ വനം, ജലസേചനം, ധനകാര്യമുള്‍പ്പെടെ പ്രധാന വകുപ്പുകള്‍ വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്ത അവസരങ്ങള്‍ പുരോഗമന പദ്ധതികള്‍ നടത്തി വിജയിപ്പിക്കാന്‍ കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയായി കല്പറ്റയില്‍ നിന്നും വീരേന്ദ്ര കുമാറിനെ തോല്‍പ്പിച്ചുകൊണ്ട് അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ വീണ്ടും നിയമസഭയില്‍ എത്തി.

ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ കാലിയായ ഖജനാവ് മിച്ചമാക്കാന്‍ നടത്തിയ ധനകാര്യ മാനേജുമെന്റ് ഇന്നും ആശ്ചര്യമായ പ്രവര്‍ത്തനങ്ങളായി രേഖപെടുത്തിയിരിക്കുന്നു.

ഇതര വകുപ്പുകളിലും ഒട്ടനവധി ക്ഷേമ പരിപാടികള്‍ നടത്തുകയുണ്ടായി. വനം വകുപ്പിലെ നിയമന കാര്യങ്ങളിലെ സുതാര്യതയും കല്ലട പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ കൈകൊണ്ട നടപടികളും ഒരു മന്ത്രി എന്ന നിലയില്‍ ഡോക്ടര്‍ പ്രബുദ്ധ കേരളത്തിന്റെ പ്രിയപെട്ടവനാക്കി.

1982 ല്‍ പിഎസ്‌സി ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയതിന് ശേഷം കൊണ്ടു വന്ന പിഎസ്‌സി നിയമനത്തിലേ ചട്ടങ്ങളും, നടപടി ക്രമത്തിലെ സമൂല മാറ്റങ്ങളും ഇന്നും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമായി മാറിയെന്നതും എടുത്ത് പറയാവുന്ന കാര്യങ്ങളാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദമായിരുന്ന ബോഫേര്‍സ് ഇടപാട് അന്വേഷണത്തിനുള്ള സംയുക്ത പാര്‍ലിമെന്റ്‌റി സമ്മതി (ജെപിസി) യില്‍ മെമ്പര്‍ സ്ഥാനമടക്കം നിരവധിയിടങ്ങളില്‍ സുപ്രധാന പദവികള്‍ അലങ്കരിച്ചു കഴിവ് തെളിയിക്കാന്‍ കഴിഞ്ഞതും വിസ്മരിക്കാന്‍ പറ്റില്ല.

1975 ല്‍ പിന്നോക്കമായിരുന്ന പേരാമ്പ്രയില്‍ സികെജി കോളജ് സ്ഥാപിക്കുകയും, കൂത്താളി കൂട്ടു കൃഷി ഫാം പടുത്തുയര്‍ത്തിയുമെല്ലാം ജന്മനാടിന്റെ വികസന വഴികളില്‍ ശ്രദ്ധ പതിപ്പിച്ചു. പെരുവണ്ണാമൂഴിയിലെ കേന്ദ്ര കാര്‍ഷിക ഗവേഷണ കേന്ദ്രമുള്‍പ്പെടെ നിരവധി അടയാളപ്പെടുത്തലുകള്‍ പട്ടികയിലുണ്ട്.

കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് ഇന്ദിരഗാന്ധിക്കൊപ്പം പിന്തുണ നല്‍കി കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ സജീവമായി മുന്നില്‍ നിന്നതും, ഡല്‍ഹിയില്‍ ആദ്യ യോഗത്തില്‍ പങ്കെടുത്തവരില്‍ മുന്‍പിലും ഡോക്ടര്‍ തന്നെയായിരുന്നു.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് സ്വന്തമായൊരു ആസ്ഥാനം വേണമെന്ന് ആഗ്രഹിച്ചപ്പോള്‍ ആ ലക്ഷ്യം യാഥാര്‍ഥ്യമാക്കുവാനും ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമക്കുറു പ്പിനൊപ്പം മുന്നില്‍ നിന്നത് ഡോക്ടര്‍ കെ. ജി അടിയോടിയായിരുന്നു.

പ്രൌഡ ഗംഭീരമായ പുതിയ ഓഫീസ് കെട്ടിടം അവിടെ ഡിസിസി അധ്യക്ഷന്‍ അഡ്വ. പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഡോക്ടര്‍ കെ.ജിയുടെ ഓര്‍മ്മയ്ക്കായി പ്രത്യേകം സജ്ജമാക്കിയ റിസര്‍ച് സെന്റര്‍ ആരംഭിച്ചതും ആ സ്മരണയ്ക്കുള്ള സമര്‍പ്പണമാണ്.

ഒരു ജീവിത കാലം മുഴുവന്‍ ജനങ്ങള്‍ക്കൊപ്പം ജീവിച്ച, അവരില്‍ ഒരാളായ ഡോക്ടര്‍ കെ.ജി അടിയോടി രാഷ്ട്രിയ എതിരാളികളുടെ മനസ്സിലും ബഹുമാന്യനായ, ആദരണീയനായിരുന്നുവെന്ന് അദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികാനുസ്മരണത്തില്‍ എംപി വീരേന്ദ്ര കുമാര്‍ പറഞ്ഞത് തികച്ചും ശരിയായിരുന്നുവെന്ന് ഇന്നും ഓര്‍മ്മിക്കുന്നു. അതുകൊണ്ട് തന്നെ ആ സ്മരണകള്‍ക്ക് മരണമില്ലതാനും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/321886/dr-k-g adiyodis-indelible-footprints)